23 March 2013

അന്താരാഷ്ട്ര ജലദിനം

മാര്‍ച്ച് 22


ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത 

ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ 

ലക്ഷ്യം.1992-ൽ ബ്രസീലിലെറിയോവിൽ ചേർന്ന യു.എൻ.  

കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് 

ഡവലപ്‌മെന്റിലാണ് (UNCED) ജലദിനം എന്ന ആശയം ഉയര്‍ന്ന് 

വന്നത്ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22  

 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

                  
                                   

    കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ ‘മുറ’പോലെ നടക്കുമെന്നല്ലാതെ ഫലപ്രദമാകുന്നതില്‍ ഏറെ പ്രതീക്ഷക്കു വകയില്ല. എല്ലാം പ്രസ്താവനകളിലൊതുങ്ങിയേക്കും.എന്നാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി ‘മുട്ടുശാന്തി’ക്കപ്പുറം ക്രിയാത്മക നടപടികളും ജാഗ്രത്തായ നീക്കങ്ങളും ജനങ്ങളുടെ ഭാഗത്ത് രൂപപ്പെട്ടുവരേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആണ്ടുതോറുമുള്ള ആചരണങ്ങള്‍ക്ക് തീരെ പഞ്ഞമില്ല. ഇന്ന്(മാര്‍ച്ച് 22) അന്താരാഷ്ട്ര ജലദിനമാണ്. കൊടും വരള്‍ച്ചയും ജല ക്ഷാമവും ഇതു മൂലമുള്ള ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമായെങ്കിലെന്ന് ആശിക്കാനേ തരമുള്ളൂ. ജലദിനം കേവല ആചരണത്തിലപ്പുറം യാതൊരു തരത്തിലുള്ള ഗുണങ്ങളും പ്രദാനം ചെയ്യുകയില്ലെന്ന തിരിച്ചറിവു തന്നെ കാരണം.എല്ലാ കെടുതികള്‍ക്കും പ്രകൃതിയെ പ്രതിസ്ഥാനത്തു നിര്‍ത്തി രക്ഷപ്പെടുന്നതില്‍ മുന്നിലാണ് സമൂഹം. പ്രകൃതി മനുഷ്യ നന്മക്കും ക്ഷേമത്തിനും അനുഗ്രഹമായി സംവിധാനിക്കപ്പെട്ടതാണ്

                                     
       ഭൗതിക ജീവിതത്തോടും സുഖ സൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ അത്യാര്‍ത്തി അവനെ പ്രകൃതി വിരുദ്ധനും ചൂഷകനുമാക്കി മാറ്റുകയാണ്. എങ്ങനെയെങ്കിലും തനിക്കു(മാത്രം)ജീവിക്കണം, സുഖിക്കണം, സമ്പാദിക്കണം എന്നതാണ് ജീവിതത്തിന്റെ സന്ദേശമെന്ന് മാനവികതയുടെ വിരുദ്ധ സംസ്‌കാരങ്ങള്‍ പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ നാം പ്രകൃതി സംരക്ഷണമടക്കമുള്ള മാനുഷിക മൂല്യങ്ങളെത്തൊട്ട് ഷണ്ഡീകരിക്കപ്പെടുന്നു. ഇതിന്റെ പരിണതിയായി പ്രകൃതി നമ്മോട് കണക്കുതീര്‍ക്കുകയാണിപ്പോള്‍. ഇരിക്കും കൊമ്പ് നമ്മളാല്‍ തന്നെ മുറിക്കപ്പെടുന്നു. നാം തന്നെ പ്രകൃതിയുടെയും നമ്മുടെ തന്നെയും ശത്രുക്കളായി മാറുന്നു. ഇവിടെ നാം തന്നെയാണ് മുഖ്യ പ്രതികള്‍.കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ വന്ന ക്രമാതീതമായ കുറവും ഭൂഗര്‍ഭ ജലത്തിന്റെ താഴ്ചയുമാണ് ജല ദൗര്‍ലഭ്യത്തിന്റെയും വരള്‍ച്ചയുടെയും പ്രധാന കാരണങ്ങള്‍. ഓരോ വര്‍ഷം കഴിയും തോറും മഴയുടെ തോത് കുറഞ്ഞു വരികയാണ്. ഭൂഗര്‍ഭ ജലത്തിന്റെ തോതും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ഉള്‍വലിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ തെറ്റായ രീതികള്‍ മൂലം പെയ്യുന്ന മഴവെള്ളമത്രയും കുത്തിയൊലിച്ചു പോകുകയാണിന്ന്. മഴവെള്ള സംഭരണത്തിന് പുല്ലു വില പോലും നാം കല്‍പ്പിക്കുന്നില്ല. പഴയ കാലത്ത് പറമ്പുകളും പുരയിടങ്ങളും തൊടികളായും തട്ടുകളായും തിരിച്ച് വരമ്പിട്ട് വെള്ളം ഒലിച്ചു പോകാതെ തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറമ്പുകളിലും പുരയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനനുവദിക്കാതെ റോഡുകളിലേക്കും തോടുകളിലേക്കും ഒഴുക്കി വിടുന്നു. വെള്ളം കെട്ടി നില്‍ക്കാന്‍ സഹായിക്കുന്ന പാടങ്ങളും ചതുപ്പുനിലങ്ങളുമെല്ലാം നാം മണ്ണിട്ടു നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുകയുമാണ്. മഴവെള്ളത്തിന്റെ 60 ശതമാനവും ഭൂമിയിലേക്കിറങ്ങാതെ കുത്തിയൊലിച്ചു പോകുന്നുവെന്നതാണ് പുതിയ കണക്കുകള്‍. ഭൂഗര്‍ഭ ജലവിതാനം കൂടെക്കൂടെ താഴ്ന്നു പോകാനുള്ള കാരണവും മറ്റൊന്നല്ല.മൊത്തം മഴയുടെ അളവില്‍ 26 ശതമാനം കുറവുണ്ടായെന്നും വരള്‍ച്ചാ കാര്യത്തില്‍ കേരളം അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ തന്നെയാണ് രാജ്യത്ത് കുടിവെള്ളത്തില്‍ കൂടുതല്‍ മാലിന്യം കലര്‍ന്നിരിക്കുന്നത് കേരളത്തിലാണെന്ന ഔദ്യോഗിക വിവരവും വരുന്നത്. സംസ്ഥാനത്തെ 34 ശതമാനം ജലസ്രോതസ്സുകളും മലിനമാണത്രേ. ജില്ലാ തല കണക്കുകളില്‍ കോഴിക്കോടാണ് മുന്നില്‍; 54 ശതമാനം. ജീവനു തുല്യം നാം പരിരക്ഷിക്കേണ്ട കുടിവെള്ളം മലിനമാക്കുന്നതു നമ്മുടെ തെറ്റായ ജീവിത രീതിയും സംസ്‌കാരവുമാണ്. മാലിന്യങ്ങള്‍ യഥേഷ്ടം വലിച്ചെറിയുകയാണ് നമ്മുടെ രീതി. ശാസ്ത്രീയമായ സംസ്‌കരണ സമ്പ്രദായം നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലില്ല.

No comments:

Post a Comment