23 March 2013

മാര്‍ച്ച് 20 രാജ്യാന്തര കുരുവി ദിനം

                കുരുവികള്‍ക്കായ് ഒരു ദിനം    മാര്‍ച്ച് 20

-->
ഒരു ബാല്യകാല വിസ്മയം പോലെ പലരുടേയും മനസിലേക്കു പറന്നിറങ്ങിയിട്ടുള്ള പക്ഷിക്കായി ഒരു ദിനം. ഇന്നു ലോക കുരുവി ദിനം. ലോകമെമ്പാടും വേള്‍ഡ് സ്പാരോ ഡേ ആഘോഷിക്കുമ്പോള്‍ അതിനു വ്യക്തമായൊരു കാരണമുണ്ട്. ഒരു കാലത്തു നിത്യകാഴ്ചയായി ചേക്കേറിയിരുന്ന കുരുവികള്‍ വംശനാശഭീഷണി നേരിടുന്നു. അല്‍പ്പം ഉയരത്തില്‍ ആര്‍ഭാടമൊന്നുമില്ലാതെ ചപ്പുംചവറും തൂവലുകളുമൊക്കെ നിറച്ച് സ്വസ്ഥജീവിതത്തിന്‍റെ കൂടൊരുക്കിയിരുന്ന കുരുവികള്‍ ജീവിതത്തിന്‍റെ കൂടൊഴിയുമ്പോള്‍ സംരക്ഷണത്തിന്‍റെ സന്ദേശവുമായി ലോക കുരുവി ദിനം വന്നെത്തുന്നു.
                                                     
നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മനുഷ്യന്‍ കുരുവികളുമായി അടുത്തിരുന്നുവെന്നാണു കരുതപ്പെടുന്നത്. നിത്യേന എന്നോണം മനുഷ്യന്‍റെ കാഴ്ചയുടെ പരിധിയിലേക്കു പറന്നിറങ്ങിയ മറ്റൊരു പക്ഷിയുമില്ല. ഒരു കാലത്തു ധാരാളമുണ്ടായിരുന്ന കുരുവികള്‍ സ്വാഭാവിക ആവാസവ്യവസ്ഥയുടെ അഭാവം മൂലവും, ഭക്ഷണക്ഷാമം മൂലവുമൊക്കെ വംശനാശഭീഷണി നേരിടുന്നു. അതിന് ഒരൊറ്റക്കാരണം കണ്ടെത്താനാകില്ല. ഒരുപാടു കാരണങ്ങളാല്‍ കുരുവികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതു മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള മൈക്രോവേവ് പൊല്യൂഷന്‍ തന്നെയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
                                                 
              
                         
                                                 
2010 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് ഇരുപതിനാണു വേള്‍ഡ് സ്പാരോ ഡേ ആഘോഷിക്കുന്നത്. ദേശീയ അന്തര്‍ദേശീയ സംഘടനകളും ക്ലബ്ബുകളും ബേഡ് വാച്ചിങ് ഗ്രൂപ്പുകളുമൊക്കെ ഈ ദിനം വിവിധ രീതിയില്‍ ആഘോഷിക്കുന്നു. ഇവയുടെ സംരക്ഷണസന്ദേശം ലോകത്തിനു മുന്നില്‍ എത്തിക്കുകയാണു പ്രധാനം. നിത്യോപയോഗ ആശയവിനിമയ സങ്കേതങ്ങളായ ഇമെയ്ല്‍, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയിലൂടെ ഈ സന്ദേശം ലോകം മുഴുവന്‍ എത്തിക്കണമെന്നാണു പ്രതീക്ഷിക്കുന്നത്. കുരുവികളുടെ സംരക്ഷണസന്ദേശം ഉയര്‍ത്തുന്നതിനും ലോക കുരുവി ദിനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ഒരു വെബ്സൈറ്റ് തന്നെയുണ്ട്. www.worldsparrowday.org

 


No comments:

Post a Comment